ന്യൂഡൽഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ സന്നദ്ധത അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും ഇറ്റലി സന്നദ്ധത അറിയിച്ചു.
നിലവിൽ പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി നിരവധി പദ്ധതികളിലെ പങ്കാളിയാണ് ഇറ്റാലിയൻ കമ്പനിയായ ലിയനാർഡോ. വരാനിരിക്കുന്ന നിരവധി പ്രതിരോധ കരാറുകളിലും കമ്പനി പ്രതീക്ഷ വെച്ചിരിക്കുകയാണ്.
ഇന്ത്യൻ നാവിക സേനയുടെ കാൽവരി ക്ലാസ് അന്തർവാഹിനികൾക്ക് വേണ്ടി ബ്ലാക് ഷാർക്ക് ഹെവി വെയ്റ്റ് ടോർപിഡോകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ കമ്പനിയായ ലിയനാർഡോയുമായി ചർച്ചകൾ പുനരാരംഭിക്കാൻ നിലവിൽ സാഹചര്യം ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
കൂടാതെ, കാൽവരി ക്ലാസ്, അരിഹന്ത് ക്ലാസ് അന്തർവാഹിനികൾക്ക് വേണ്ടി ഹെവി വെയ്റ്റ് ടോർപ്പിഡോകൾ നിർമ്മിക്കാൻ ജർമ്മൻ കമ്പനിയായ അറ്റ്ലസ് ഇലക്ട്രോണിക്കുമായും ഫ്രാൻസുമായും ചർച്ചകൾ അവസാന ഘട്ടത്തിലാണ്. നവീകരിച്ച വരുണാസ്ത്ര ടോർപ്പിഡോകളെ കേന്ദ്രീകരിച്ച്, അന്തർവാഹിനികളിലെ ടോർപ്പിഡോ വിന്യാസം ശക്തമാക്കാനുള്ള നീക്കങ്ങളുമായും ഇന്ത്യ മുന്നോട്ട് പോവുകയാണ്.
Discussion about this post