ഇസ്ലാമാബാദ്; ഇന്റർ സർവീസസ് ഇന്റലിജൻസ് മുൻ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ അറസ്റ്റ് ചെയ്യാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചതായി വിവരം. അഴിമതി,രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ,ഭീകരത പ്രോത്സാഹിപ്പിക്കൻ എന്നീ കുറ്റങ്ങളാണ് മുൻ ചാരമേധാവിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സൈന്യത്തിൽ കലാപത്തിന് പ്രേരിപ്പിച്ചു, പണം തട്ടിയെടുക്കൽ, രാഷ്ട്രീയത്തിൽ ഇടപെടൽ, ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ പാകിസ്താൻ താലിബാന്റെ നേതൃത്വത്തിലുള്ള ഭീകരത വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സൈന്യത്തിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് ജനറൽ ഹമീദിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പാകിസ്താനിലെ പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജനറൽ ഹമീദിനെതിരെ ഗുരുതരമായ ചില തെളിവുകൾ സർക്കാർ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം തീവ്രവാദ സംഘടനയും സുരക്ഷാ സേനയും തമ്മിലുള്ള വെടിനിർത്തൽ പിൻവലിച്ചതിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കുക മാത്രമല്ല, ജനറൽ ഹമീദ് സൈനിക മേധാവി സ്ഥാനത്തേക്ക് എത്താതിരുന്നതോടെയാണ് ഭീകരസംഘടന വെടിനിർത്തൽ കരാർ ലംഘിച്ചതെന്നാണ് പ്രധാന ആരോപണം.
പാകിസ്താാനിൽ വർദ്ധിച്ചുവരുന്ന തീവ്രവാദത്തിന്റെ ഉത്തരവാദിത്തം ഉള്ളതിനാൽ ജനറൽ ഹമീദിനെ പാർലമെന്റിലേക്ക് വിളിക്കണമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നിർദ്ദേശിച്ചിരുന്നു. താൻ ചെയ്ത എല്ലാത്തിനും ഉത്തരം നൽകണമെന്നും ടിടിപിയുമായി ബന്ധപ്പെട്ട ജനറൽ ഹമീദിന്റെ പദ്ധതികളെക്കുറിച്ച് ചോദിക്കണമെന്നും ആസിഫ് പറഞ്ഞിരുന്നു. ജനറൽ ഹമീദിനൊപ്പം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും വിളിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു
Discussion about this post