അഗർത്തല : ത്രിപുരയിൽ ഇടത് സഖ്യം രണ്ടാം തവണയും പരാജയപ്പെട്ടതിന് പിന്നാലെ ആരോപണവുമായി സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ മാണിക് സർക്കാർ രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും ഇതിനെ ഒരു പ്രഹസനമായി മാത്രമേ കാണാനാകൂ എന്നും മാണിക് സർക്കാർ ആരോപിച്ചു.
ഇത് അപ്രതീക്ഷിതമാണ്, ജനാധിപത്യം ആക്രമിക്കപ്പെട്ടു, സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനുള്ള വോട്ടർമാരുടെ അവകാശം കവർന്നെടുത്തു. തിരഞ്ഞെടുപ്പുകൾ പ്രഹസനമാക്കി മാറ്റിയെന്നും ഭരണഘടന പ്രകാരമല്ല ഒന്നും നടന്നത് എന്നുമായിരുന്നു ആരോപണം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കപ്പെട്ടുവെന്നും മാണിക് സർക്കാർ പറഞ്ഞു.
60 ശതമാനം വോട്ടർമാരും ബിജെപിയെ പിന്തുണച്ചിട്ടില്ല. എന്നാൽ ബിജെപി വിരുദ്ധ വോട്ടുകളെല്ലാം ഭിന്നിപ്പിക്കപ്പെട്ടു. ആരാണ് ബിജെപിയെ വീണ്ടും അധികാരത്തിലേറ്റിയത് എന്നാണ് ആളുകൾ ഇപ്പോൾ ചോദിക്കുന്നത്. ഇത് വളരെ വ്യക്തമാണെന്നും എന്നാൽ പാർട്ടിയുടെ പേര് തുറന്നുപറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മാണിക് സർക്കാർ പറഞ്ഞു.
അടുത്തിടെ നടന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി ഭാരതീയ ജനതാ പാർട്ടി ( ബിജെപി ) അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം ഏകദേശം 39 ശതമാനം വോട്ട് ഷെയറോടെ ബിജെപി 32 സീറ്റുകൾ നേടി.
13 സീറ്റുകൾ നേടിയ ടിപ്ര മോത പാർട്ടി രണ്ടാം സ്ഥാനത്തെത്തി. സിപിഎം 11 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് മൂന്ന് സീറ്റുകൾ നേടി. ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ഒരു സീറ്റ് മാത്രമാണ് നേടിയത്.
ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ത്രിപുരയിൽ ഇത്തവണ സിപിഎമ്മും കോൺഗ്രസും ഒന്നിച്ചാണ് മത്സരിച്ചത്. എന്നാൽ ഉണ്ടായിരുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞു എന്നല്ലാതെ, സിപിഎമ്മിന് ഈ സഖ്യം കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. പൂജ്യത്തിലൊതുങ്ങിയിരുന്ന കോൺഗ്രസിന് മൂന്ന് സീറ്റുകൾ ലഭിക്കുകയും ചെയ്തിരുന്നു.
Discussion about this post