മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് പടുകൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എടുത്തു. ക്യാപ്ടൻ മെഗ് ലാനിംഗും സഹ ഓപ്പണർ ഷഫാലി വർമയും അർദ്ധ സെഞ്ച്വറികൾ നേടി.
തുടക്കം മുതൽ ബാംഗ്ലൂർ ബൗളർമാർക്കെതിരെ ആക്രമണം അഴിച്ചു വിട്ട ഡൽഹി ഓപ്പണർമാർ 14.3 ഓവറിൽ 162 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഷഫാലി 45 പന്തിൽ 84 റൺസ് എടുത്തപ്പോൾ ലാനിംഗ് 43 പന്തിൽ 72 റൺസ് നേടി. ഇരുവരെയും ഒരേ ഓവറിൽ തന്നെ ഹീതർ നൈറ്റ് പുറത്താക്കിയെങ്കിലും പിന്നീട് വന്ന മരിസാനെ കാപ്പും ജെമീമ റോഡ്രിഗസും ആക്രമണം തുടർന്നു. കാപ്പ് 17 പന്തിൽ 39 റൺസുമായും ജെമീമ 15 പന്തിൽ 22 റൺസുമായും പുറത്താകാതെ നിന്നു.
Discussion about this post