കൊച്ചി: തന്റെ ഫ്ലാറ്റിനകം മുഴുവൻ പുകമണമാണെന്ന് നടി സജിത മഠത്തിൽ. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്ന് രാവിലെ കാറ്റിന്റെ ഗതി കൊണ്ടാകും, അല്പം തെളിച്ചമുണ്ടെന്നും നടി പറയുന്നു. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത സാംസ്കാരിക കേരളത്തിൽ എന്നും അവർ ചോദിക്കുന്നു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള വിഷപ്പുക കൊച്ചിയിൽ വ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. കലൂർ, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ, മരട് എന്നിവിടങ്ങളിലും പുക വ്യാപിച്ചിരുന്നു.
എന്നാൽ, ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാണ് എന്നാണ് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്. വൈകീട്ടോടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചേക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ബ്രഹ്മപുരത്തെ പുക ശ്വസിച്ച് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ആശങ്ക വേണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പ്രതികരണം.











