ബറേലി: ഇസ്ലാമിക മതവിശ്വാസികളായ സ്ത്രീകൾ സീമന്ത സിന്ദൂരവും നെറ്റിയിൽ പൊട്ടും ധരിക്കരുതെന്ന് നിർദ്ദേശം. ഇത് സംബന്ധിച്ച് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ഫത്വ പുറപ്പെടുവിച്ചു. സംഘടനാ അദ്ധ്യക്ഷനും മുസ്ലീം പണ്ഡിതനുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബാറേൽവിയാണ് ഫത്വ പുറപ്പെടുവിച്ചത്.
മുസ്ലീമല്ലാത്ത യുവാക്കളെ വിവാഹം കഴിച്ച ശേഷം സിന്ദൂരവും പൊട്ടും ധരിക്കുന്ന മുസ്ലിം സ്ത്രീകൾക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഇസ്ലാം മത തത്വങ്ങൾക്ക് എതിരാണെന്നും ബാറേൽവി വ്യക്തമാക്കി. മുസ്ലീം യുവാക്കൾ തങ്ങളുടെ മതപരമായ ഐഡന്റിറ്റി മറച്ചുവെക്കുന്നതും പൊട്ടു ധരിക്കുന്നതും. ഹിന്ദു പേരുകൾ സ്വീകരിക്കുന്നതും സോഷ്യൽ മീഡിയയിൽ കാണാമെന്നും അദ്ധ്യക്ഷൻ പറഞ്ഞു. ഇത് ശരിഅത്തിന് വിരുദ്ധമാണെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി ബാറേൽവി കൂട്ടിച്ചേർത്തു.
മറ്റ് മത ചിഹ്നങ്ങൾ മുസ്ലിം സ്ത്രീകൾ ഉപയോഗിക്കാൻ പാടില്ലെന്ന് ശരിഅത്ത് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. അത്തരം പ്രവൃത്തികൾ ചെയ്യുന്ന സ്ത്രീകൾ ഇസ്ലാം തത്വത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ഇത്തരം ആചാരങ്ങൾ പിന്തുടരുന്ന സ്ത്രീകൾ യഥാർത്ഥത്തിൽ ഇസ്ലാമിക ജീവിതരീതിയോട് ചേർന്നുനിൽക്കുന്നവരല്ലെന്നും മൗലാന ഷഹാബുദ്ദീൻ റസ്വി ബാറേൽവി ചൂണ്ടിക്കാട്ടി.
ഇസ്ലാം സ്വീകരിക്കാത്ത കാലം വരെ അമുസ്ലിമിനെ വിവാഹം കഴിക്കരുതെന്ന് ഖുറാനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് മൗലാന കൂട്ടിച്ചേർത്തു.
Discussion about this post