കൊച്ചി: 2024 പകുതിയാകുമ്പോഴേക്ക് നാഷണൽ ഹൈവേ 66 പൂർത്തിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഹൈവേ വരുമ്പോൾ യൂറോപ്പിലെ പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ അങ്കമാലിയിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈവേ പണി തീർന്നു കഴിഞ്ഞാൽ അത് വലിയൊരു കാഴ്ച്ചയായിരിക്കും. വരയും കുറിയും റിഫ്ലക്ടറുമൊക്കെ വരുമ്പോൾ യൂറോപ്പു പോലെ തോന്നുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയപാതയുടെ അടുത്തെങ്ങുമില്ലാത്ത ആളുകൾ ഒരു തീർത്ഥാടനം പോലെ ദേശീയ പാത കാണാനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
6500 കോടി രൂപ ചിലവാക്കിയാണ് സർക്കാർ ദേശീയപാത പണിതീർക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതിന്റെ 25 ശതമാനം കാശ് കൊടുക്കാമെന്ന് പറഞ്ഞതു കൊണ്ടാണ് കേന്ദ്രം പണി ചെയ്തത്. മറ്റൊരു സംസ്ഥാനങ്ങളും ഇത് കൊടുത്തില്ല. കേരളം മാത്രമേ ഇത് കൊടുത്തുള്ളൂ. അത് പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിൽ 25 ശതമാനം തുക നൽകാമെന്നേറ്റ കേരളം അതിൽ നിന്ന് പിന്മാറിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോകസഭയിൽ പറഞ്ഞതിനെപ്പറ്റി എം.വി ഗോവിന്ദൻ ഒന്നും പറഞ്ഞില്ല. എൻ.എച്ച് 66 നു വേണ്ടി കേന്ദ്രം ചിലവാക്കുന്നത് ആകെ 56,266 കോടി രൂപയാണ്.












