മൂന്നാർ: കോടികൾ വിലമതിക്കുന്ന ആംബർഗ്രിസുമായി (തിമിംഗല ഛർദ്ദി) രണ്ട് പേർ പിടിയിൽ. മൂന്നാർ സ്വദേശികളായ സതീശ് കുമാർ, വേൽ മുരുകൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ ഫ്‌ളയിംഗ് സ്വകാഡ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടുന്നത്. കേസിൽ രണ്ട് പ്രതികൾ കൂടി ഉണ്ടെന്നും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിടികൂടിയ ആംബർഗ്രിസിന് കോടികൾ വിലവരുമെന്നും അധികൃതർ പറയുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതികൾ പിടിയിലാകുന്നത്. തിമിംഗല ഛർദ്ദി വിൽക്കുന്നതിന് വേണ്ടിയാണ് ഇവർ എത്തിയത്. പ്രതികളുടെ കൈവശം തിമിംഗല ഛർദ്ദി ഉണ്ടെന്ന് മനസിലാക്കിയാണ് മൂന്നാർ ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ വാങ്ങാനെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെടുന്നത്.
ഉദ്യോഗസ്ഥർ പ്രതികളുമായി വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തു. പഴയ മൂന്നാർ സിഎസ്‌ഐ പള്ളിയുടെ സമീപത്തുള്ള പാർവതി എസ്റ്റേറ്റ് റോഡിൽ കാത്തു നിന്ന പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ഇത് കിട്ടിയതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. മൂന്നാർ സ്വദേശികളായ ഭാഗ്യസ്വാമി, പ്രേം എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്ക് വേണ്ടിയും ആബ്രർഗ്രിസ് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post