തിരുവനന്തപുരം: പതിവുതെറ്റാതെ കുടുംബത്തോടൊപ്പം ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും അമ്മയ്ക്കുമൊപ്പമാണ് താരം പൊങ്കാല അർപ്പിച്ചത്. എല്ലാ പൊങ്കാല ദിനത്തിലും വീട്ടിലുണ്ടാകാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
1990 ലായിരുന്നു വിവാഹം. ഇതിന് ശേഷം എല്ലാ ആറ്റുകാൽ പൊങ്കാല ദിനത്തിലും വീട്ടിൽ ഉണ്ടാകാറുണ്ട്. പണ്ടെല്ലാം ഭാര്യ അമ്പലത്തിന് അടുത്തുള്ള ബന്ധു വീട്ടിൽ പോയാണ് പൊങ്കാല ഇടാറുള്ളത്. ഭാര്യ മടങ്ങിയെത്തി ആ പ്രസാദവും കഴിച്ചാണ് താൻ മടങ്ങാറ്. എംപി ആയിരുന്നപ്പോഴും പതിവ് തെറ്റിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ചാറ് വർഷമായി ഇപ്പോൾ വീട്ടിൽ തന്നെയാണ് പൊങ്കാലയിടുന്നത്. അതുകൊണ്ട് തനിക്കും പൊങ്കാലയിൽ പങ്കെടുക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാതാവിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ കൊറോണയ്ക്ക് മുൻപുതന്നെ വീട്ടിൽ പൊങ്കാലയിടാൻ ആരംഭിച്ചതായി രാധിക പ്രതികരിച്ചു. കൊറോണ സമയത്തും ഇത് തുടർന്ന്. പിന്നീട് തോന്നി വീട്ടിൽ തന്നെ പൊങ്കാലയിടുന്നതാണ് നല്ലതെന്ന്. അപ്പോൾ എല്ലാവർക്കും അതിൽ പങ്കുകൊള്ളാം. വീട്ടിലിട്ടാലും ദേവി എല്ലാം കണ്ട് അനുഗ്രഹം നൽകുമെന്നാണ് വിശ്വാസമെന്നും രാധിക പറഞ്ഞു.
Discussion about this post