കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പതിനൊന്ന് മണിക്കൂറാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്. രാവിലെ ഒൻപതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8.00നാണ് അവസാനിച്ചത്.
ചോദ്യം ചെയ്യലിന് ശേഷം രവീന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. രണ്ടാം വട്ട ചോദ്യം ചെയ്യലിന് ഫെബ്രുവരി 27ന് ഹാജരാകാനായിരുന്നു ഇഡി രവീന്ദ്രനോട് ആവശ്യപ്പെട്ടത്. എന്നാൽ അന്ന് രവീന്ദ്രൻ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടത്.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാട്സാപ്പ് ചാറ്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ ഇടപാടിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നും ഈ പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചുവെന്നും ഇഡി കണ്ടെത്തിയിരുന്നു.
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഇടപാടുകളും രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും പുറത്ത് വന്നിരുന്നു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപ കോഴ നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.












