ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖം വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനൊരുങ്ങി ഇന്ത്യ. 2020ൽ താലിബാൻ അധികാരം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ നിർമ്മിച്ച ചബഹാർ തുറമുഖം വഴി അഫ്ഗാനിലേക്ക് സഹായം അയക്കുന്നത്. താലിബാൻ അധികാരം പിടിക്കുന്നതിന് മുൻപ് ചബഹാർ പോർട്ട് വഴി ഇന്ത്യ അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റി അയച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെയാണ് 20,000 മെട്രിക് ടൺ ഗോതമ്പ് കയറ്റി അയക്കാനൊരുങ്ങുന്നത്. കാബൂളിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും മാനുഷിക സഹായമെന്ന പരിഗണന നൽകിയാണ് ഭക്ഷ്യധാന്യങ്ങൾ കൈമാറുന്നത് തുടരുന്നത്. ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നതായി താലിബാൻ അറിയിച്ചു.
20,000 മെട്രിക് ടൺ ഗോതമ്പ് വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം അഭിനന്ദനാർഹമാണെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. ”ചബഹാർ തുറമുഖം വഴി അഫ്ഗാനിലെ ജനങ്ങൾക്ക് 20,000 മെട്രിക് ടൺ ഗോതമ്പ് വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിക്കുന്നു. ഇത്തരം മാനുഷിക നടപടികൾ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിശ്വാസം വർധിപ്പിക്കുകയും നല്ല ബന്ധത്തിലേക്ക് നയിക്കുമെന്നും” സുഹൈൽ പറഞ്ഞു.
Discussion about this post