തിരുവനന്തപുരം: പൊങ്കാല സ്ത്രീ സമത്വത്തിന്റെ പ്രതീകമെന്ന് ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും എഴുത്തുകാരിയുമായ സുധാമൂർത്തി. ലക്ഷക്കണിക്ക് സ്ത്രീകൾ നിലത്തിരുന്ന വലിപ്പച്ചെറുപ്പമില്ലാതെ പൊങ്കാല അർപ്പിക്കുന്നത് വലിയ വിസ്മയത്തോടെയാണ് കാണുന്നത്. ഒരു മുദ്രാവാക്യത്തിന്റെയും അകമ്പടിയില്ലാതെ സഹായിക്കാൻ സ്ത്രീകൾ പരസ്പരം മത്സരിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഇത്രയും സ്ത്രീകൾ ഒത്തുകൂടുന്നത് അദ്ഭുതകരമാണ്. ചുവന്ന അരിയും ശർക്കരയും നെയ്യും ചേർത്ത് കേരളീയ രീതിയിലാണ് പൊങ്കാല അർപ്പിച്ചത്. പാചകം ചെയ്യേണ്ട വിധം കൂടെയുള്ളവർ പറഞ്ഞുതന്നു. പുകയിൽ കണ്ണ് നീറിയെങ്കിലും നിമിഷങ്ങൾകൊണ്ട് ബുദ്ധിമുട്ടുകളൊക്കെ മറന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യാ മാതാവ് കൂടിയായ് സുധമൂർത്തി പറയുന്നു.
ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ചട്ടമ്പി സ്വാമി മന്ദിരത്തിനു സമീപത്തായി ഇരുന്നാണ് കന്നിപ്പൊങ്കാലയർപ്പിച്ചത്. പാലക്കാട് സ്വദേശിയും സെക്രട്ടറിയുമായ ലീന ഗോപകുമാറിനൊപ്പമാണ് എത്തിയത്. ആറ്റുകാൽ പൊങ്കാലയെ കുറിച്ച് താൻ എഴുതുമെന്നും ഇതിനെ കുറിച്ച് സംസാരിക്കുമെന്നും സുധാ മൂർത്തി പറഞ്ഞു. വ്യത്യസ്തമായ അനുഭമാണെന്നും നാരി ശക്തിയാണെന്നും അവർ കൂട്ടിച്ചേർത്തു.
മരുമകനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനും കുടുംബത്തിനും വേണ്ടിയാണോ പൊങ്കാലയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, തനിക്ക് തന്റെ വിശ്വാസവും അവർക്ക് അവരുടെ വിശ്വാസവുമാണെന്നായിരുന്നു മറുപടി.ഏതെങ്കിലും പ്രത്യേക പ്രാർത്ഥനയോടെയല്ല പൊങ്കാലയിട്ടത്. ഈ ഒരു നിമിഷത്തിൽ പങ്കുചേരാനാവുകയെന്നതാണ് പ്രധാനമെന്ന് സുധാമൂർത്തി കൂട്ടിച്ചേർത്തു. കൊച്ചി സ്വദേശിയായ മരുമകൾ അപർണയ്ക്കും മകൻ രോഹനുമുള്ള പൊങ്കാലയും ടിഫ്ഫിനിലാക്കിയാണ് അവർ മടങ്ങിയത്.








