ലാഹോർ: നിരോധനാജ്ഞ ലംഘിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീടിന് മുൻപിൽ തടിച്ചുകൂടിയ അനുയായികളെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്. പോലീസ് നടപടി ഫാസിസ്റ്റ് രീതിയാണെന്ന് ഇമ്രാന്റെ പാർട്ടിയായ തെഹ്‌രിക് ഇ ഇൻസാഫ് നേതാക്കൾ ആരോപിച്ചു. പോലീസ് നടപടിയുടെ പശ്ചാത്തലത്തിൽ ലാഹോർ റാലിയും ഇമ്രാൻ ഖാൻ റദ്ദാക്കി.
നിരോധനാജ്ഞ ലംഘിച്ചുവെന്ന് പറഞ്ഞ് നിരപരാധികളായ അണികളെപ്പോലും കസ്റ്റഡിയിലെടുക്കുകയാണെന്നും ഇവർ ആരോപിച്ചു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് രണ്ട് ദിവസമായി ശ്രമിക്കുന്നുണ്ട്. എന്നാൽ അനുയായികളെ തെരുവിലിറക്കി പ്രതിരോധം തീർക്കുകയാണ് ഇമ്രാൻ. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുൻപിൽ കനത്ത പോലീസ് സാന്നിദ്ധ്യമാണുളളത്. എല്ലാ വഴികളും ബ്ലോക്ക് ചെയ്ത് അനുയായികൾ അകത്തേക്ക് പ്രവേശിക്കുന്നതും തടഞ്ഞിട്ടുണ്ട്.
ഇമ്രാന്റെ അനുയായികളെ പോലീസ് പിടികൂടുന്നതും മർദ്ദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. കലാപം നേരിടുന്നതിനുളള പോലീസിലെ പ്രത്യേക വിഭാഗത്തെ ഉൾപ്പെടെയാണ് പ്രതിഷേധക്കാരെ നേരിടാൻ ഷെഹബാസ് സർക്കാർ വിന്യസിച്ചിരിക്കുന്നത്. ഞായറാഴ്ച ഇമ്രാൻ ഖാനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യാനായി പോലീസ് നീക്കം നടത്തിയെങ്കിലും അനുയായികളെ രംഗത്തിറക്കി ഇമ്രാൻ മുങ്ങുകയായിരുന്നു.
വിദേശ സന്ദർശനത്തിനിടെ ലഭിച്ച വില കൂടിയ ഉപഹാരങ്ങൾ ഡിസ്‌കൗണ്ട് റേറ്റിൽ സർക്കാരിന്റെ ദേശീയ നിധി കലവറയിൽ നിന്ന് വാങ്ങി കൂടിയ വിലയ്ക്ക് സുഹൃത്തുക്കൾക്ക് വിറ്റതിന്റെ പേരിലുളള കേസാണ് ഇമ്രാൻ ഖാനെതിരെ പ്രധാനമായും നിലവിലുളളത്. അധികാരത്തിൽ നിന്ന് ഇമ്രാൻ രാജിവെച്ച ശേഷം ഷെഹ്ബാസ് സർക്കാർ ഇതുവരെ 76 കേസുകളാണ് മുൻ പ്രധാനമന്ത്രിക്കെതിരെ എടുത്തത്. ഏഴ് ദിവസത്തേക്കാണ് പഞ്ചാബ് സർക്കാർ ലാഹോറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.










