കണ്ണൂർ: വിവാദ റിസോർട്ട് വൈദേകത്തിന്റെ ഓഹരി വിൽക്കാനൊരുങ്ങി എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ കുടുംബം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്‌സണുമാണ് ഓഹരികൾ വിൽക്കുന്നത്. വിവാദങ്ങളെ തുടർന്നാണ് ഓഹരി വിൽപ്പന. 9,199 ഓഹരിയാണ് ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനുമായുള്ളത്.
മുഴുവൻ ഓഹരികളും വിറ്റ് കൊണ്ട് വൈദേകം റിസോർട്ടിൽ നിന്ന് ഇപിയുടെ കുടുംബം പൂർണമായും പിൻവാങ്ങി വിവാദങ്ങളിൽ നിന്ന് തലയൂരാനാണ് ശ്രമിക്കുന്നത്. റിസോർട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികളെത്തിയതോടെ ഇപിയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനായുള്ള ദ്രുതഗതിയിലുള്ള ഈ നടപടി.
ഒരാഴ്ച മുൻപാണ് വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം.
കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്.













Discussion about this post