കൊച്ചി: തീപ്പിടിത്തമുണ്ടായി എട്ടുനാൾ പിന്നിടുമ്പോഴും ബ്രഹ്‌മപുരത്തെ വിഷപ്പുകയ്ക്ക് ശമനമില്ല. ഹെലികോപ്റ്ററുകളിലൂടെ വെള്ളമൊഴിച്ചും മാലിന്യമിളക്കിയും പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജനജീവിതത്തെ കാര്യമായി ബാധിച്ച മാലിന്യ പ്ലാന്റിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. എന്നാലിതാ വളരെ മികച്ച രീതിയിൽ എല്ലാവർക്കും മാതൃകയാക്കാൻ കഴിയുന്ന തരത്തിൽ നഗരമദ്ധ്യത്തിലായി സ്ഥാപിച്ച മാലിന്യ പ്ലാന്റിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് രഞ്ജിത്ത് ശങ്കർ. ഫേസ്ബുക്കിലൂടെയാണ് രഞ്ജിത്തിന്റെ അഭിപ്രായ പ്രകടനം. മാലിന്യ സംസ്‌ക്കരണം പഠിക്കാൻ യൂറോപ്പിൽ പോകണ്ട ; ഇൻഡോറിൽ പോയാൽ മതി’ എന്ന തലക്കെട്ടോടെയാണ് തുടക്കം.
ചിത്രത്തിലേത് ഇൻഡോറിലെ ഒരു വൻകിട മാലിന്യ സംസ്‌ക്കരണ യൂനിറ്റാണ്. ഇൻഡോർ സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശത്തോ ജനവാസമില്ലാത്ത മേഖലയിലോ അല്ല ഇത് പ്രവർത്തിക്കുന്നത്. 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്‌ക്കരണ യൂനിറ്റ് പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള പൂന്തോട്ടവും കലാസൃഷ്ടികളും ഈ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെ നഗരത്തോടൊപ്പം മനോഹരമായ കാഴ്ചയാക്കി മാറ്റുന്നു. രഞ്ജിത്ത് ശങ്കർ പറയുന്നു.
വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത ഫുട്ട്പാത്തുകളും, റോഡരികിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരവും, മഴക്കാലത്ത് അഴുക്ക് വെള്ളത്തിൽ മൂക്കറ്റം മുങ്ങുന്ന നമ്മുടെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും മേയർമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോകാതെ നമ്മുടെ രാജ്യത്തിനകത്തെ ഇത്തരം സംരംഭങ്ങൾ കണ്ട് പഠിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ നഗരവും ഇന്ന് മാലിന്യം കൊണ്ട് വീർപ്പ് മുട്ടുകയാണ്. കോഴിക്കോട്ടെ ഞെളിയൻ പറമ്പും, തൃശൂരിലെ ലാലൂരും, തിരുവനന്തപുരത്തെ വിളപ്പിൽശാലയുമെല്ലാം എത്രത്തോളം ഭയാനകമായ ആരോഗ്യപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് പരിസരവാസികൾക്ക് സൃഷ്ടിച്ചതെന്ന് കഴിഞ്ഞ കാലങ്ങളിൽ പൊതു സമൂഹം ചർച്ച ചെയ്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നാട്ടിൽ കുമിഞ്ഞ് കൂടുന്ന മാലിന്യമാണ് നമ്മുടെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും കാലാകാലങ്ങളിൽ പഠനയാത്രകളുടെ പേരിൽ സുഖയാത്രകളും വരുമാന മാർഗ്ഗവും ഉണ്ടാക്കുന്നത്. ഇത് അവസാനിക്കാത്ത കാലത്തോളം കേരളം മാലിന്യ കൂമ്പാരമായി തുടരും. വിധിയെ പഴിച്ച് ഇതെല്ലാം കണ്ടു നിൽക്കാൻ വിധിക്കപ്പെട്ട ഒരു തലമുറയാണ് നമ്മുടെതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post