പത്തനംതിട്ട: മദ്യലഹരിയിൽ തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട എആർ ക്യാമ്പിലെ ഗ്രേഡ് എഎസ്‌ഐ ഗിരിയെയും ഡ്രൈവർ ജോൺ ഫിലിപ്പിനെയുമാണ് സസ്‌പെൻഡ് ചെയ്തത്.
എആർ ക്യാമ്പിലെ മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ ആയിരുന്ന അജയ കുമാർ സബ് ഇൻസ്‌പെക്ടർ റാങ്കിൽ തിരുവനന്തപുരം സ്‌പെഷൽ ബ്രാഞ്ചിലേക്ക് സ്ഥലം മാറി പോകുന്നതിന്റെ പേരിൽ സംഘടിപ്പിച്ച യാത്രയയപ്പുപാർട്ടിയാണ് പോലീസുകാരുടെ തമ്മിൽ തല്ലിന് വേദിയായത്. പോലീസുകാരുടെ പ്രവൃത്തി സേനയുടെ അച്ചടക്കത്തിന്റെ ലംഘനമാണെന്നും അവമതിപ്പ് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. എആർ ക്യാമ്പ് ഡെപ്യൂട്ടി കമാന്റൻഡിനായിരുന്നു അന്വേഷണ ചുമതല
പത്തനംതിട്ട നഗരത്തിന് സമീപം മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. പോലീസുകാർ തമ്മിൽ തല്ലിയതോടെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസുകാർ ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റി.
എന്നാൽ പാർട്ടിയിൽ പങ്കെടുത്ത ചില മുതിർന്ന ഉദ്യോഗസ്ഥർ വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് നടപടിയിലേക്ക് എത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.












