ശ്രീനഗർ ; പാകിസ്താനിലെ എംബിബിഎസ് സീറ്റുകൾ കശ്മീരി വിദ്യാർത്ഥിഥികൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് ഹുറിയത്ത് നേതാക്കളുടെ വസതികൾ ഉൾപ്പെടെ മൂന്നിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. അനന്ത്‌നാഗിലെ ഖാസി യാസിർ, ജമ്മു കശ്മീർ സാൽവേഷൻ മൂവ്‌മെന്റ് പ്രസിഡന്റ് സഫർ ഭട്ട്, ഇവിടെയുള്ള ബാഗ്-ഇ-മെഹ്താബ് ഏരിയ, മുഹമ്മദ് ഇഖ്ബാൽ ഖവാജ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്
ജമ്മു കശ്മീർ പോലീസും കേന്ദ്ര അന്വേഷണ ഏജൻസിയും ഒരേസമയം മൂന്ന് സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്താനിലെ കശ്മീരി വിദ്യാർത്ഥികൾക്ക് എംബിബിഎസ് ‘സീറ്റ്’ വിറ്റ് ഭീകരവാദത്തിന് പിന്തുണയും പണവും നൽകുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് എൻഐഎ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം 2020 ജൂലൈയിൽ കൗണ്ടർ ഇന്റലിജൻസ് കശ്മീർ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചില ഹുറിയത്ത് നേതാക്കളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും ഒത്താശയോടെ പാകിസ്താനിൽ എംബിബിഎസ് സീറ്റുകൾ വിൽക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഓഗസ്റ്റിൽ ഈ കേസിൽ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചിലരുടെ പേരുകൾ അറസ്റ്റിലായവർ വെളിപ്പെടുത്തുകയും ചെയ്തു.
യുജിസി നിയമങ്ങൾ അനുസരിച്ച്, പാകിസ്താനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ജോലി ലഭിക്കില്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പാകിസ്താനിൽ വിദ്യാഭ്യാസത്തിന് പോകരുതെന്ന് എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സർക്കാർ പൗരത്വം നൽകിയ പാകിസ്താനിൽ നിന്നുള്ളവർക്ക് ഈ നിയമം ബാധകമല്ലെന്നും യുജിസി അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നുണ്ട്. പാകിസ്താൻ കശ്മീർ ജനതയെ ഉപയോഗിച്ച് തീവ്രവാദം വളർത്തിയെടുക്കുന്ന നിരവധി സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.
Discussion about this post