മുംബൈ ; നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈൽ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാർക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു.
ബാങ്കുകൾ അയക്കുന്ന അതേ രീതിയിൽത്തന്നെയാണ് സന്ദേശം ലഭിച്ചത് . ലിങ്കിൽ ക്ലിക്ക് ചെയ്ത് അധികം താമസിക്കാതെ ഒരാളുടെ കോൾ വന്നു. കെ.വൈ.സി അപ്ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാമെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ താൻ ഒരു വിവരവും പങ്കുവെച്ചിട്ടില്ലെന്ന് നടി പറഞ്ഞു.
നെറ്റ്ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്താണ് തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തത്. 20 ഓളം തവണ ഒടിപി വന്നെങ്കിലും അത് ഷെയർ ചെയ്തിട്ടില്ല. ഭാഗ്യവശാൽ അധികം പണം നഷ്ടമായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു . മുംബൈ സൈബർ ക്രൈം പോലീസിലാണ് നഗ്മ പരാതി നൽകിയിരിക്കുന്നത്.
Discussion about this post