കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി ഇരുന്നൂറോളം അഗ്നിരക്ഷാപ്രവർത്തകർ ഇന്ന് ബ്രഹ്മപുരത്ത് എത്തി. ഫയർ എഞ്ചിനുകളും നാവികസേനാ ഹെലികോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമാകും. മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതിന് ശമനമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
മാലിന്യ കേന്ദ്രത്തിലെ 30% പ്രദേശത്ത് ഇപ്പോഴും കനത്ത പുകയാണ്. പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ പുക ശ്വസിച്ച് ഇന്നലെ 194 പേർ ചികിത്സ തേടിയെത്തി. മാലിന്യ പ്ലാന്റിന് സമീപത്തുള്ള പിണർമുണ്ടയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 140 പേരിൽ ഭൂരിപക്ഷവും ശ്വാസ സംബന്ധമായ അസുഖത്തിനാണ് ചികിത്സ തേടിയത്. ഇരുമ്പനം, എരൂർ, ബ്രഹ്മപുരം, അമ്പലമേട് ഭാഗങ്ങളിലാണ് ഇന്നലെ കനത്ത പുക പരന്നത്. നഗരവാസികൾക്കായി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. ആരോഗ്യ നിർദേശങ്ങൾക്കും പരിശോധനയ്ക്കുമായി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
അതേസമയം ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും അടക്കമുള്ളവർ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.












