കന്യാകുമാരി: കന്യാകുമാരിയിൽ യുവതിയെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ. കേസിൽ പ്രതികളായ രണ്ട് പേർ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മേല്പുറം സ്വദേശിനി കലയെ കന്യാകുമാരി അരുമനൈയ്ക്ക് സമീപം വച്ച് ഓട്ടോ ഡ്രൈവർമാർ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. പാകോട് സ്വദേശികളായ നടരാജിന്റെ മകൻ ശശി(47), നാഗേന്ദ്രന്റെ മകൻ വിനോദ് (44), അമ്പയ്യന്റെ മകൻ വിജയകാന്ത് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്യ്തത്. ഒളിവിൽ പോയ ഗുണ്ട ദിപിൻ, അരവിന്ദ് എന്നിവർക്കായുള്ള തിരച്ചിൽ പിടികൂടുകയാണ്.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച കല മാർത്താണ്ഡത്ത് മസാജ് സെന്റർ നടത്തി വരികയാണ്. മേല്പുറം ഭാഗത്ത് കൂടെ നടന്ന് പോകുമ്പോൾ ആ പരിസരത്തെ ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർ സ്ത്രീയെ കുറിച്ച് അശ്ലീലം പറയുന്നത് പതിവായിരുന്നു. സഹികെട്ട് കല, സംഭവദിവസം രാവിലെ വീട്ടിൽ നിന്ന് മുളകുപൊടി പൊതിഞ്ഞ് കൈയിൽ സൂക്ഷിച്ചു. രാവിലെ ഡ്രൈവർമാർ കലയെ കണ്ടതും പതിവുപോലെ അശ്ലീലം പറഞ്ഞു. കൈയിൽ കരുതിയിരുന്ന മുളകുപൊടി എടുത്ത് അവരുടെ മുഖത്ത് വിതറി. ഇതിൽ പ്രകോപിതരായ ഡ്രൈവർമാർ കലയെ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ പോലീസ് എത്തി കലയെ രക്ഷിക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം അക്രമം നേരിട്ടെങ്കിലും ആരും രക്ഷിക്കാനെത്തിയില്ലെന്നും ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നുവെന്നും കല പ്രതികരിച്ചു.
Discussion about this post