മലപ്പുറം: കൊണ്ടോട്ടിയിൽ പോലീസുകാരന്റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. വേങ്ങര സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സിജിത്തിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണൽ കടത്ത് സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അക്രമികൾ എറിഞ്ഞ സ്‌ഫോടക വസ്തു ഗേറ്റിന് സമീപത്തുവച്ച് പൊട്ടിയിരുന്നു. ഈ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴായിരുന്നു ആക്രമണം ആണെന്ന് മനസ്സിലായത്. ഉടനെ വിവരം പോലീസ് സ്‌റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസും ഫോറസൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഡിറ്റണേറ്റർ ജലറ്റിൻ സ്റ്റിക്, വയർ ചില്ലുകൾ തുടങ്ങിയവയുടെ അവശിഷ്ടം സ്‌ഫോടന സ്ഥലത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സിജിത്തിന്റെ വീടിന് സമീപമാണ് സഹോദരനും അരിക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശിശിത്തിന്റെ വീട്.
Discussion about this post