തൃശൂർ: സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ തന്റെ വാക്കുകൾ വളച്ചൊടിച്ച് വിവാദമാക്കുന്നവർക്ക് എണ്ണി എണ്ണി മറുപടി പറഞ്ഞ് ബിജെപി നേതാവും നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തൃശൂരിൽ അമിത് ഷാ പങ്കെടുത്ത ജനശക്തി സമ്മേളനത്തിൽ ഇടത് അഴിമതി ഭരണത്തെ വിമർശിച്ചതിനൊപ്പമാണ് തന്റെ വാക്കുകൾ സൈബറിടങ്ങളിൽ വളച്ചൊടിക്കുന്ന അന്തം കമ്മികളെയും നടൻ വിമർശിച്ചത്.
വിശ്വാസികളുടെ അവകാശങ്ങൾ ഹനിക്കാൻ വരുന്നവരുടെ സർവ്വനാശത്തിനായി പ്രാർത്ഥിക്കുമെന്ന് സുരേഷ് ഗോപി അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇത് നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും സർവ്വനാശത്തിനായി പ്രാർത്ഥിക്കുമെന്ന് വളച്ചൊടിച്ച് അദ്ദേഹത്തിനെതിരായ ആക്രമണത്തിനുളള ആയുധമാക്കി ചില സൈബർ കേന്ദ്രങ്ങൾ മാറ്റിയിരുന്നു. ഇതിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ദൈവത്തിലും പ്രാർത്ഥനയിലും വിശ്വാസമില്ലാത്ത വിശ്വാസികളുടെ ചട്ടയെടുത്ത് അണിഞ്ഞ് വിശ്വാസികളെപ്പോലെ വിശ്വാസികളുടെ കൂടെ നടന്ന് തിരിഞ്ഞുകൊത്തിയ കോമരങ്ങളെയാണ് ശപിക്കുമെന്ന് പറഞ്ഞത്. അല്ലാതെ നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ശക്തന്റെ മണ്ണിൽ കാലൂന്നി നിന്ന് ഹൃദയം കൊണ്ട് പറയുന്നു. ഇതാണ് സത്യം അല്ലാതെ നിങ്ങൾ പ്രചരിപ്പിക്കുന്നതല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ലോകത്തുളള വിശ്വാസികളായ മുഴുവൻ മനുഷ്യരെയും സ്‌നേഹിക്കുമെന്നും അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയുമെന്നും നടൻ പറഞ്ഞിരുന്നു. വ്‌ലോഗർമാർ ഉൾപ്പെടെ സുരേഷ് ഗോപിയുടെ വാക്കുകൾ വളച്ചൊടിച്ച് അദ്ദേഹത്തെ ആക്രമിക്കാൻ ഇത് ഉപയോഗിച്ചിരുന്നു.
തൃശൂർ ഞാനിങ്ങ് എടുക്കുവാ എന്ന തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലെ തന്റെ പരാമർശം ഏറ്റെടുത്ത് ട്രോളുകൾ പടച്ചവർക്കും സുരേഷ് ഗോപി മറുപടി നൽകിയിരുന്നു. സർക്കാരിന്റെ പിആർ ജോലി ചെയ്യാൻ കരാർ ഏറ്റെടുത്തിരിക്കുന്നവരാണ് ഇത്തരം ട്രോളുകൾ പടച്ചുവിട്ടതെന്നും എന്നാൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ തന്റെ ജീവിതത്തിലേക്ക് വലിയ ഒരു ടാഗ് ലൈൻ ആണ് ആ മൂന്ന് വരികൾ ചേർത്തുതന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Discussion about this post