ന്യൂഡൽഹി: ചതുർധാം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഉത്തരാഖണ്ഡ് സർക്കാർ. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ കേന്ദ്രങ്ങളിലൂടെയാണ് ചാർധാം യാത്ര നടത്തുന്നത്. ഒരു മാസത്തിനുള്ളിലാണ് തീർത്ഥാടനം ആരംഭിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേരാണ് ഇക്കുറി തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് കൗൺസിൽ അറിയിച്ചു.
കേദാർനാഥിലേക്കും 1.39 ലക്ഷം പേരും, ബദരീനാഥിലേക്ക് 1.14 ലക്ഷം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊറോണയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് ചതുർധാം യാത്ര പുന:രാരംഭിക്കുന്നത്. 47 ലക്ഷം പേരാണ് അന്ന് നാല് പുണ്യകേന്ദ്രങ്ങളിലുമായി ദർശനം നടത്തിയത്. അടുത്ത മാസം 22ന് ഗംഗോത്രിയും യമുനോത്രിയും കേദാർനാഥ് അടുത്ത മാസം 25നും ബദരീനാഥ് 27നും ഭക്തർക്കായി തുറന്ന് നൽകും.
ഉത്തരാഖണ്ഡ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. വെബ്‌സൈറ്റിന് പുറമെ ഫോൺ, വാട്‌സ്ആപ്പ് എന്നിവ വഴിയും രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തീർത്തും സൗജന്യ രജിസ്‌ട്രേഷനാണ് ഒരുക്കിയിരിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി ഭക്തർ കടന്നു പോകുന്ന വഴിയിലെ മഞ്ഞ് നീക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കടുത്ത ശൈത്യം അനുഭവപ്പെടുന്ന ആറ് മാസക്കാലം ക്ഷേത്രങ്ങൾ അടച്ചിടുന്നതാണ് പതിവ്.
Discussion about this post