ന്യൂഡൽഹി: 2020ലെ ഡൽഹി ഹിന്ദു വിരുദ്ധ കലാപക്കേസിൽ 8 പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ഡൽഹി കോടതി. 26 വയസ്സുകാരനായ രാഹുൽ സോളങ്കിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
കൊലക്കുറ്റത്തിന് പുറമേ കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ, തീവെപ്പ്, മോഷണം, ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികൾ ഹിന്ദുക്കളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു എന്ന് കോടതി വ്യക്തമാക്കി. ഈ പ്രവൃത്തികളിലൂടെ പ്രതികൾ പൊതുസമൂഹത്തിന്റെ സമാധാനപരമായ ജീവിതം തടസപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.
സൽമാൻ, സോനു സൈഫി, മുഹമ്മദ് ആരിഫ്, അനീസ് ഖുറേഷി, സിറാജുദ്ദീൻ, മുഹമ്മദ് ഫുർക്കാൻ, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് മുസ്താഖീം എന്നിവർക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. സോനു സൈഫി, മുഹമ്മദ് മുസ്താഖീം, സൽമാൻ എന്നിവർക്കെതിരെ ആയുധ നിയമ പ്രകാരവും കേസെടുത്തിരുന്നു.
സോനു സൈഫി, മുസ്താഖീം എന്നിവരിൽ നിന്നും പിടിച്ചെടുത്ത തോക്കുകൾ ഡൽഹി പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. സൽമാൻ ഹിന്ദുക്കൾക്ക് നേരെ നിറയൊഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. സംഭവം നടന്ന സമയം സ്ഥലത്തുണ്ടായിരുന്ന അനിൽ എന്നയാളുടെ മൊഴിയും കോടതി തെളിവായി സ്വീകരിച്ചു.
Discussion about this post