ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നോക്കിയ സി ഇ ഒ പെക്കാ ലുൻഡ്മാർക്ക്. ഇന്ത്യയിലെ 5ജി വിപ്ലവത്തെ അഭിനന്ദിച്ച നോക്കിയ സി ഇ ഒ, രാജ്യത്തിന്റെ 6ജി മുന്നേറ്റത്തിന് എല്ലാ വിധ പിന്തുണകളും വാഗ്ദാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് നോക്കിയ സി ഇ ഒ പെക്കാ ലുൻഡ്മാർക്ക് പറഞ്ഞു. ഇന്ത്യ അതിവേഗം ഡിജിറ്റൽവത്കരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുത്തൻ തലമുറ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുക എന്ന വിഷയം നോക്കിയ സി ഇ ഒയുമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.
സ്മാർട്ട് ഫോണുകൾക്കൊപ്പം സ്വകാര്യ 5ജി ശൃംഖലകളുടെ നിർമ്മാണത്തിലേക്കും ചുവട് വെയ്ക്കുകയാണ് നോക്കിയയെന്ന് സി ഇ ഒ പറഞ്ഞു. തങ്ങളുടെ എക്കാലത്തെയും മികച്ച വിപണിയായ ഇന്ത്യയിൽ വലിയ പ്രതീക്ഷയാണ് കമ്പനി വെച്ച് പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തിന് മുൻപ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈൽ ഫോൺ കമ്പനിയായിരുന്നു ഫിന്നിഷ് കമ്പനിയായ നോക്കിയ. ഫീച്ചർ ഫോണുകളുടെ കാലഘട്ടത്തിലെ ആദ്യ നാളുകളിൽ ബദ്ധ വൈരികളായ എറിക്സണുമായി കടുത്ത മത്സരമാണ് വിപണിയിൽ നോക്കിയ കാഴ്ചവെച്ചിരുന്നത്.








