ന്യൂഡൽഹി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന ക്രാഷ് കോഴ്‌സിൽ പങ്കെടുക്കാൻ താലിബാൻ. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ”ഇമ്മേഴ്‌സിംഗ് വിത്ത് ഇന്ത്യൻ തോട്ട്‌സ്” എന്ന വിഷയത്തെപ്പറ്റി കോഴിക്കോട് ഐഐഎം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ക്രാഷ് കോഴ്‌സിലാണ് താലിബാൻ അധികൃതർ പങ്കെടുക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
നാനാത്വത്തിലെ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന് കോഴ്‌സിന്റെ സംഗ്രഹത്തിൽ പറയുന്നു. ഇത് പുറത്ത് നിന്നുള്ളവർക്ക് വിചിത്രമായി തോന്നാം. ഈ പ്രോഗ്രാം വിദേശ രാജ്യത്ത് നിന്നുള്ളവർക്ക് രാജ്യത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കാനും ഇന്ത്യയിലെ വ്യവസായത്തെക്കുറിച്ച് ബോധവാന്മാരാകാനും സഹായിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.
ഇന്ന് ആരംഭിക്കുന്ന കോഴ്സ്, ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്‌കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയും മറ്റും പഠിക്കാനുള്ള അവസരമൊരുക്കും. രാജ്യത്തിന്റെ ആവാസവ്യവസ്ഥ, ഉൾക്കാഴ്ചകൾ, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം, സാംസ്‌കാരിക പൈതൃകം, നിയമപരവും പാരിസ്ഥിതികവുമായ ഭൂപ്രകൃതി, ബിസിനസ്സ് സാധ്യതകൾ എന്നിവയെക്കുറിച്ച് നേരിട്ട് കാണാനും പഠിക്കാനും സഹായിക്കുന്നു. ഓൺലൈനായാണ് കോഴ്സ് സംഘടിപ്പിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, എക്സിക്യൂട്ടീവുകൾ, സംരംഭകർ എന്നിവരടങ്ങുന്ന 30-ഓളം പേർ കോഴ്സിൽ പങ്കെടുക്കും. ഇന്ത്യൻ ചിന്തകൾ, ഇന്ത്യയുടെ സാമൂഹികവും ചരിത്രപരവുമായ വിലയിരുത്തൽ, സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നത എന്നിവയെക്കുറിച്ചുള്ള സെഷനുകളാകും ഈ നാല് ദിവസങ്ങളിൽ നടക്കുക.
വർഷങ്ങളായി അഫ്ഗാനിൽ നിന്നുളള പ്രതിനിധികൾ ഇന്ത്യ സംഘടിപ്പിക്കുന്ന ഈ കോഴ്‌സിൽ പങ്കെടുക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമായ ഈ കോഴ്‌സ് 2021 ൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷവും ഇന്ത്യ തുടർന്നിരുന്നു. എന്നാൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ താലിബാൻ പ്രതിനിധികൾ നേരിട്ട് രാജ്യത്തെത്തില്ല. ഓൺലൈനായാണ് ഇത് സംഘടിപ്പിക്കുന്നത് എന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post