കാബൂൾ; ലോകത്തിന് മുമ്പിൽ മുഖം മിനുക്കേണ്ടത് അത്യാവശ്യമാണെന്ന് താലിബാൻ വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ വിലയിരുത്തൽ.
യോഗത്തിൽ, ലോകം ഇപ്പോഴും താലിബാനെ ക്രൂരന്മാരായി തന്നെയാണ് പരിഗണിക്കുന്നതെന്നും ഒരു രാജ്യം ഭരിക്കുന്ന സംഘടനാശക്തിയായിട്ടും വേണ്ടത്ര വില കൽപ്പിക്കുന്നും ഇല്ലെന്നാണ് വിലയിരുത്തിയത്. ഈ പ്രതിച്ഛായ മാറ്റി,ലോകത്തിന് മുമ്പിൽ മുഖം മിനുക്കേണ്ടത് അത്യാവശ്യമാണെന്ന് താലിബാൻ മനസിലാക്കിയതായും അതിനുള്ള നടപടികൾ ആരംഭിച്ചതായുമാണ് വിവരങ്ങൾ.
റിപ്പോർട്ടുകൾ പ്രകാരം, സ്ത്രീകൾക്ക് മേലുള്ള കടുത്ത നിയന്ത്രണങ്ങളിൽ ചിലതിന് അയവ് വരുത്താനും, പ്രതിപക്ഷത്തിന് ഇടം നൽകാനും താലിബാൻ തീരുമാനിച്ചിട്ടുണ്ട്.
സാമ്പത്തികമായി താലിബാൻ കടുത്ത സമ്മർദ്ദത്തിലാണ്. പലരാജ്യങ്ങളും അഫ്ഗാനിസ്ഥാനുള്ള സഹായം പിൻവലിച്ചതോടെ രാജ്യം സാമ്പത്തികമായി തകർന്നു. ജനങ്ങളില്ലാത്ത രാജ്യം ഭരിക്കേണ്ട അവസ്ഥ വരാതിരിക്കാൻ പ്രവർത്തനങ്ങളിൽ മിതത്വം പാലിച്ച് ആളുകളെ കൈയ്യിലെടുക്കുകയാണ് വേണ്ടതെന്ന് ചില നേതാക്കന്മാർ ചൂണ്ടിക്കാണിച്ചു.
എന്നാൽ താലിബാനിലും ഇപ്പോൾ വിഭാഗീയത രൂക്ഷമായതായാണ് റിപ്പോർട്ടുകൾ. താലിബാൻ ശരിഅത്തിന് അനുസരിച്ച് മാത്രം പ്രവർത്തിച്ച് ഈ രീതീയിൽ തന്നെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവരും മറ്റൊന്ന് സംഘടനയിൽ പരിഷ്‌ക്കാരങ്ങൾ ആഗ്രഹിക്കുന്നവരുമാണ്.












