മുംബൈ: മഹാരാഷ്ട്രയിൽ 23 വയസ്സുകാരനായ മെഡിക്കൽ വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. മരണം എച്ച്3എൻ2 വൈറസ് ബാധ മൂലമാണെന്ന് സംശയിക്കുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം.
മരിച്ച മെഡിക്കൽ വിദ്യാർത്ഥി ഒരാഴ്ചയ്ക്ക് മുൻപ് സുഹൃത്തുക്കളോടൊപ്പം വിനോദ യാത്ര പോയിരുന്നു. കൊങ്കണിലെ അലിബാഗിലേക്കായിരുന്നു ഇവർ പോയത്. അവിടെ വെച്ച് പനി ബാധിച്ച് തിരിച്ചു വന്ന വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് മാർച്ച് 13ന് വിദ്യാർത്ഥിയെ അഹമ്മദ് നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എച്ച്3എൻ2 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലും ഹരിയാനയിലും ഓരോരുത്തർ എച്ച്3എൻ2 ബാധിച്ച് മരിച്ചിരുന്നു.
അതേസമയം, ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാപകമാകുന്ന എച്ച്3എൻ2 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 13 കടന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.









