കൊച്ചി: ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചയ്ക്ക് 1:30 ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതി ഇന്ത്യൻ നേവിയുടെ പരിപാടികളിൽ പങ്കെടുക്കും. കൊച്ചി ഷിപ്പ്യാർഡിൽ ഇന്ത്യ തദ്ദേശീയമായി വികസിച്ച് വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘നിഷാൻ’ സമ്മാനിച്ച ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും.
രാത്രി 7.20 ഓടെ തലസ്ഥാനത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ താമസിക്കും. നാളെ 9:30 മുതൽ 10 മണി വരെ അമൃതാനന്ദമയി മഠം സന്ദർശിക്കും. പിന്നീട് തിരികെ 11:10 ന് തിരുവനന്തപുരത്തെത്തി കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴരയ്ക്ക് ഗവർണർ രാഷ്ട്രപതിയ്ക്ക് അത്താഴ വിരുന്ന് നൽകും. മുഖ്യമന്ത്രി, പത്‌നി കമല, മന്ത്രിമാർ, ചീഫ്‌സെക്രട്ടറി, ഡി.ജി.പി, അഡി. ചീഫ്‌സെക്രട്ടറിമാർ അടക്കം 40പേർക്ക് ക്ഷണമുണ്ട്. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പൗരസ്വീകരണത്തിലും പങ്കെടുക്കും. 18ന് രാഷ്ട്രപതി കന്യാകുമാരി സന്ദർശിക്കും. കന്യാകുമാരിയിലെ ത്രിവേണി സംഗമം കാണാൻ രാഷ്ട്രപതി ദ്രൗപദി മുർമു ആഗ്രഹമറിയിച്ചതോടെ കേരളത്തിലെ സന്ദർശന പരിപാടിയിൽ മാറ്റം വരുത്തിയിരുന്നു.
പിന്നീട് ഉച്ചയോടെ ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.
Discussion about this post