മുംബൈ: ഇന്ത്യയിൽ നിന്ന് ഓസ്‌കറിന് അയക്കുന്നത് തെറ്റായ ചിത്രങ്ങളാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്‌മാൻ. ഇന്ത്യ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഓസ്‌കറിന് അയക്കുന്നത്. ഇത് പലപ്പോഴും പുരസ്കാരം ലഭിക്കാതിരിക്കാൻ കാരണമാകുന്നു. ഓസ്കർ പോലുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കാൻ പാശ്ചാത്യ പ്രേക്ഷകരുടെ അഭിരുചികൾ മനസ്സിലാക്കേണ്ടതുണ്ടെന്നുംപാശ്ചാത്യരെ ആകർഷിക്കുന്ന സിനിമകൾ അയയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“, നമ്മുടെ സിനിമകൾ ചിലപ്പോൾ ഓസ്‌കർ നോമിനേഷൻ വരെ എത്തുന്നത് കാണാം. എന്നാൽ പുരസ്കാരങ്ങൾ ലഭിക്കുന്നില്ല. ഇന്ത്യ തെറ്റായ സിനിമകളാണ് ഓസ്‌കറിന് അയക്കുന്നത്. നമ്മൾ മറ്റൊരാളുടെ രീതിയിൽ നിന്ന് നോക്കി കാണേണ്ടതുണ്ട്. എന്താണ് പലപ്പോഴും സംഭവിക്കുന്നതെന്നും ഇഷ്ടാനിഷ്ടങ്ങൾ അറിയാനും ഞാൻ പാശ്ചാത്യരുടെ വീക്ഷണകോണിൽ നിന്ന് നോക്കി കാണുന്നു. അതായത് സിനിമ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ നമ്മുടെ സിനിമകളെ പാശ്ചാത്യരുടെ വീക്ഷണകോണിൽ നിന്ന് നോക്കി കാണണം. ആ സമയമാണ് നമ്മുടെ സിനിമകളെ എല്ലാവർക്കും തൃപ്തിപ്പെടുത്താൻ കഴിയുന്നുണ്ടോയെന്ന് മനസിലാവുക” എന്ന് എആർ റഹ്മാൻ പറഞ്ഞു.
”ഞാൻ വന്നത് സാങ്കേതിക വിദ്യ വളരുന്ന കാലത്താണ്. പരീക്ഷണം നടത്തി പരാജയപ്പെടാൻ ഒരുപാട് സമയം ലഭിച്ചു. എന്റെ പരാജയം ആരും അറിഞ്ഞില്ല. എന്റെ വിജയം മാത്രമാണ് എല്ലാവരും കണ്ടത്. അതിന് കാരണം എന്റെ വിജയവും പരാജയവും സ്റ്റുഡിയോയ്ക്കുള്ളിൽ നിന്ന് തന്നെയായിരുന്നുവെന്ന് ”അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിൽ സംഗീതജ്ഞൻ എൽ സുബ്രഹ്‌മണ്യനുമായി നടത്തിയ അഭിമുഖത്തിലാണ് റഹ്‌മാൻ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസമാണ് അഭിമുഖം അദ്ദേഹം യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തത്.
Discussion about this post