കൊല്ലം : റോഡരികിൽ കാത്തുനിന്ന കുരുന്നുകളുടെ അടുത്തെത്തി ഒരമ്മയുടെ വാത്സല്യത്തോടെ മിഠായി ൻൽകുന്ന രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൻറെ വീഡിയോ ശ്രദ്ധനേടുന്നു. കൊല്ലത്തെ മാതാ അമൃതാനന്ദമയി മഠത്തിൽ പോയി തിരിച്ചുവരുമ്പോഴാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് വഴിയരികിൽ കാത്തുനിന്ന സ്കൂൾ കുട്ടികളുടെ അടുത്തേക്ക് പ്രസിഡന്റ് വന്നത്. തീരദേശ ഗ്രാമമായ ശ്രായിക്കാട് എൽ.പി.സ്ക്കൂളിലെ കുരുന്നുകൾ റോഡരികിൽ നിന്ന് കൈവീശി കാണിച്ചതോടെ രാഷ്ട്രപതി ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങി ഇവരുടെ അടുത്തേക്ക് വരികയായിരുന്നു. തുടർന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകി അവരുടെ ഹൃദയവും കവർന്നു.
റോഡിന് വശത്ത് സുരക്ഷാവേലിക്ക് അപ്പുറം നിന്നുകൊണ്ട് കുട്ടികൾ രാഷ്ട്രപതിക്ക് സ്വാഗതം എന്ന് എഴുതിയ ബോർഡ് ഉയർത്തികാട്ടി. ഇത് കണ്ട രാഷ്ട്രപതിയുടെ മുഖത്ത് ചെറുപുഞ്ചിരി വിടർന്നു. 30 ഓളം കുട്ടികൾക്കാണ് ഇന്ത്യൻ പ്രസിഡന്റിനെ അടുത്തു കാണാൻ സാധിച്ചത്. തുടർന്ന് പ്രസിഡന്റ് പോകാനൊരുങ്ങയതോടെ എല്ലാവരും ചേർന്ന് ഒരേ സ്വരത്തിൽ കൈവീശി കാണിച്ചു. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്നലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തിയത്. കൊച്ചിയിലെത്തി ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച രാഷ്ട്രപതി, ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ അവാർഡ് സമ്മാനിച്ചു. ഇന്ന് രാവിലെയോടെ വള്ളിക്കാവിലെത്തിയ രാഷ്ട്രപതി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷമാകും ദ്രൗപതി മുർമു മടങ്ങുക.
Discussion about this post