ചണ്ഡീഗഡ്: ഓസ്‌കർ നേട്ടത്തിന് പിന്നാലെ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ദി എലിഫന്റ് വിസ്‌പേഴ്‌സിന്റെ നിർമ്മാതാവ് ഗുനീത് മോംഗ. ഓസ്‌കർ പുരസ്‌കാരവുമായാണ് മോംഗ ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ മോംഗ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഷെഫും സിനിമാ നിർമ്മാതാവുമായ വികാസ് ഖന്നയും അവർക്കൊപ്പമുണ്ടായിരുന്നു. മഞ്ഞ സൽവാർ അണിഞ്ഞ് പരമ്പരാഗത വേഷത്തിലായിരുന്നു മോംഗയുടെ ക്ഷേത്ര ദർശനം. ഓസ്‌കറും കയ്യിലേന്തി ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എടുത്ത ചിത്രങ്ങളാണ് മോംഗ പങ്കുവച്ചിരിക്കുന്നത്.
ഓസ്‌കർ ലഭിച്ചപ്പോൾ താൻ അമ്പരന്ന് പോയെന്ന് ക്ഷേത്രത്തിൽ എത്തിയ ഒരു പ്രാദേശിക മാദ്ധ്യമത്തോട് മോംഗ പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കർ ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് ഏറ്റവും ശ്രേഷ്ഠമാണ്. പുരസ്‌കാര നേട്ടത്തിൽ പ്രതികരിക്കാത്തതിൽ തനിക്കെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നു താൻ ആ നിമിഷം യഥാർത്ഥത്തിൽ ആസ്വദിക്കുകയായിരുന്നു. നിങ്ങളുടെ ഈ സ്‌നേഹം മനസ്സ് നിറയ്ക്കുന്നുവെന്നും മോംഗ വ്യക്തമാക്കി.
Discussion about this post