തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും വേനൽമഴ തുടരുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ പെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും വേനൽമഴ പെയ്തു. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. കൂടാതെ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.












