തിരുവനന്തപുരം: തിരുവനന്തപുരത്ത് രാത്രിയിൽ മരുന്ന് വാങ്ങാൻ ഇറങ്ങിയ വീട്ടമ്മയെ അജ്ഞാതൻ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ മൊഴിയെടുക്കാൻ തയ്യാറാകാതിരുന്നതിനും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യാതിരുന്നതിലും രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. പേട്ട പോലീസ് സ്‌റ്റേഷനിലെ രഞ്ജിത്, ജയരാജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മാദ്ധ്യമങ്ങളിലൂടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി മരുന്ന് വാങ്ങാൻ ഇരുചക്ര വാഹനത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനിലേക്ക് പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. പാറ്റൂർ മൂലവിളാകം സ്വദേശിയായ വീട്ടമ്മയാണ് ആക്രമിക്കപ്പെട്ടത്. മൂലവിളാകം ജംഗ്ഷനിൽ നിന്നും അജ്ഞാതൻ പിന്തുടർന്ന് വീട്ടിലേക്കുളള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അക്രമിക്കുകയായിരുന്നു.
ദേഹത്ത് പിടിച്ചപ്പോൾ കൈ തട്ടി മാറ്റി എന്തിനാടാ ദേഹത്ത് തൊടുന്നതെന്ന് ചോദിച്ചു. ഇതോടെ ഇയാൾ തലമുടിക്ക് പിടിച്ച് മുഖം ചുമരിലേക്ക് ചേർത്ത് ഉരച്ചു. ഉറക്കെ വിളിച്ചിട്ടു പോലും ആരും പുറത്തേക്ക് വന്നില്ലെന്ന് വീട്ടമ്മ പറഞ്ഞു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു.
മകൾ പേട്ട പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും അഡ്രസ് ചോദിച്ചതല്ലാതെ പോലീസ് എത്തിയില്ല. പരിക്കേറ്റ ഇവർ അർദ്ധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരു മണിക്കൂർ കഴിഞ്ഞ് സ്്‌റ്റേഷനിൽ നിന്ന് വിളിച്ച പോലീസുകാരൻ ചോദിച്ചത് സ്‌റ്റേഷനിലെത്തി മൊഴി നൽകുമോയെന്നാണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം പരാതിക്കാരി കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പരിക്ക് പറ്റി ആശുപത്രിയിലായി വിളിച്ചുപറഞ്ഞിട്ടും മൊഴി രേഖപ്പെടുത്താൻ പോലീസ് തയ്യാറാകാതിരുന്നതിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.












