മുംബൈ: ബാങ്കോങ്ങിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ചു വിട്ടു. യാത്രക്കാരിലൊരാൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മ്യാൻമറിലെ യാങ്കൂണിലേക്ക് വിമാനം വഴി തിരിച്ച് വിട്ടത്.
എന്നാൽ മ്യാൻമറിൽ എത്തുമ്പൊഴേക്കും യാത്രക്കാർ മരിച്ചതായി ഇൻഡിഗോ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. യാങ്കൂണിൽ യാത്രക്കാരന് വേണ്ടി അടിയന്തര ആരോഗ്യ സേവനങ്ങളെല്ലാം ഒരുക്കിയിരുന്നുവെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം യാത്രക്കാരനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ ഇൻഡിഗോ പുറത്ത് വിട്ടിട്ടില്ല.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് യാത്രക്കാരന്‍ മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഈ മാസം 17ന് റാഞ്ചി-പുനെ ഇൻഡിഗോ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരു യാത്രക്കാരന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം നാഗ്പൂരിലേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post