കോഴിക്കോട്: രാഹുൽ ഗാന്ധി റബ്ബർ പന്താണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുക്കത്ത് യുഡിഎഫ് സംഘടിപ്പിച്ച ബഹുജന കൺവെൻഷനിൽ സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് തീയിൽ കുരുത്ത പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഒരു റബ്ബർ പന്താണ്. അടിച്ചാൽ പത്തിരട്ടി ശേഷിയിൽ തിരിച്ചടിയ്ക്കും. അതുകൊണ്ട് അദ്ദേഹത്തോട് കളിവേണ്ട. തീയിൽ കുരുത്ത പ്രസ്ഥാനമാണ് കോൺഗ്രസ്. വെയിലത്ത് വാടില്ല. മോദി സർക്കാർ കേന്ദ്രത്തിൽ ചെയ്യുന്നതെല്ലാം പിണറായി സർക്കാർ കോപ്പിയടിക്കുകയാണെന്നു വേണുഗോപാൽ പറഞ്ഞു.
മോദിയും പിണറായി വിജയനും പഠിക്കുന്നത് ഒരേ സ്‌കൂളിലാണ്. രാഹുൽ ഗാന്ധി പ്രസംഗിച്ചാൽ നരേന്ദ്ര മോദി അത് ഏറ്റുപിടിയ്ക്കും. അത് പോലെ തന്നെയാണ് കേരളത്തിലും. പ്രതിപക്ഷ നേതാവോ രമേശ് ചെന്നിത്തലയോ എന്തെങ്കിലും പറഞ്ഞാൽ പിണറായി വിജയൻ അതിൽ കയറി പിടിക്കും.
പിണറായി എപ്പോഴും മോദിയെ കുറ്റം പറയും. എന്നാൽ അതിന് അർഹതയില്ലെന്ന് പിണറായി സ്വയം മനസ്സിലാക്കണം. റബ്ബർ കർഷകരുടെ ബുദ്ധിമുട്ടിന് കാരണം മോദി സർക്കാരാണെന്നും വേണുഗോപാൽ ആരോപിച്ചു.











