ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റുകൾ പതിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഡൽഹി പോലീസ് 44 കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പ്രിന്റിംഗ് പ്രസ് ഉള്ളവരാണ്. രണ്ടായിരത്തിലധികം പോസ്റ്ററുകളാണ് ഇവരിൽ ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടിച്ചത്.
പല സ്ഥലങ്ങളിൽ നിന്നും മോദി വിരുദ്ധ പോസ്റ്റുകൾ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടിയാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ആം ആദ്മി പാർട്ടിയുടെ ഓഫീസിലേക്ക് കൊണ്ടു പോവുകയായിരുന്ന രണ്ടായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എഎപിയുടെ ആസ്ഥാനത്ത് ഇവ എത്തിക്കാനാണ് പ്രിന്റിംഗ് പ്രസിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു.
അതേസമയം ആം ആദ്മി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മോദിക്കെതിരെ 50,000 പോസ്റ്റർ പ്രിന്റ് ചെയ്യാനുള്ള ഓർഡറാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പ്രിന്റിംഗ് പ്രസ് ഉടമകൾ ഡൽഹി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post