മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ശിവസേന പിളരാനുള്ള ഏക കാരണം ഉദ്ധവ് താക്കറെയാണെന്ന് രാജ് താക്കറെ ആരോപിച്ചു. ഉദ്ധവ് കാരണമാണ് പല നേതാക്കളും അണികളും പാർട്ടി വിട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഒരിക്കലും സന്തോഷം നൽകുന്നതല്ല. ശിവസേനയുടെ ചിഹ്നത്തിന് വേണ്ടിയുള്ള യുദ്ധം കാണുമ്പോൾ വേദന തോന്നുന്നുണ്ട്. ഞാൻ ശിവസേന വിട്ടപ്പോൾ ഉദ്ധവ് എന്നെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി. പക്ഷേ ഇപ്പോൾ അതേ വ്യക്തിക്ക് ബാലാസാഹേബ് താക്കറെ സ്ഥാപിച്ച ശിവസേനയെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല.
ചിലർ എംഎൻഎസിന്റെ അവസാനമാണെന്ന് പ്രചരിപ്പിച്ചു. ഇന്ന് ഇപ്പോൾ അവരുടെ അവസ്ഥ എന്താണ്. പാർട്ടി അംഗങ്ങൾ പറയുന്നതൊന്നും ഉദ്ധവ് ചെവിക്കൊണ്ടിരുന്നില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ആരേയും കാണാൻ തയ്യാറായില്ല. പാർട്ടി പിളരാൻ ഇതെല്ലാം കാരണമായെന്നും രാജ് താക്കറെ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡയേയും അദ്ദേഹം ഉപദേശിച്ചു. ” നിങ്ങൾക്ക് ഇപ്പോൾ വലിയൊരു സ്ഥാനം ലഭിച്ചു. നിങ്ങൾ മഹാരാഷ്ട്രയ്ക്ക് വേണ്ടി പ്രവർത്തിക്കണം. കർഷകരുടെ പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ സംസ്ഥാനത്തുണ്ട്. അവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോവുകയാണെന്ന് വേണ്ടതെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.
Discussion about this post