ന്യൂഡൽഹി : പാകിസ്താന്റെ മണ്ണിൽ നിന്ന് ഭീകരതയ്‌ക്കെതിരെ സംസാരിച്ച ജാവേദ് അക്തറിനെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. പാകിസ്താനിൽ നടന്ന ഒരു പരിപാടിക്കിടെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ജാവേദ് അക്തർ പരാമർശിച്ചിരുന്നു.
”എനിക്ക് ജാവേദ് അക്തറിനെപ്പലുള്ള ആളുകളെയാണ് വേണ്ടത്. പാകിസ്താനെതിരെ സംസാരിക്കുകയും നമ്മുടെ ശക്തി അവർക്ക് കാണിച്ച് കൊടുക്കുകയും ചെയ്യുന്ന മുസ്ലീങ്ങളെയാണ് നമുക്ക് ആവശ്യം. ജാവേദ് അക്തർ അത് തന്നെയാണ് ചെയ്യുന്നത് എന്നും അത് പോലുളള വ്യക്തികളാണ് ഇനിയും ഉയർന്നുവരേണ്ടത് എന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി. ദാദറിലെ ഛത്രപതി ശിവജി മഹാരാജ് പാർക്കിൽ നടന്ന പരിപാടിക്കിടെയായിരുന്നു പരാമർശം.
പാകിസ്താനിൽ നടന്ന ചടങ്ങിൽ മുംബൈ ഭീകരാക്രമണത്തെപ്പറ്റിയാണ് ജാവേദ് അക്തർ പരാമർശിച്ചത്. 26/11 ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്തവർ പാകിസ്താനിൽ കറങ്ങി നടക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആക്രമികൾ നോർവേയിൽ നിന്നോ ഈജിപ്തിൽ നിന്നോ അല്ല, അവർ ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് ഉണ്ട്. അതിനാൽ ഒരു ഇന്ത്യക്കാരൻ ഇത് തുറന്നുചോദിച്ചാൽ നിങ്ങൾ അസ്വസ്ഥരാകരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിരവധി പാകിസ്താൻ കലാകാരന്മാർക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും പാകിസ്താൻ ഒരിക്കലും ഗായിക ലതാ മങ്കേഷ്‌കറിന് ആതിഥേയത്വം വഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post