മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെ അറസ്റ്റ് ചെയ്യുന്നത് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് റഷ്യൻ മുൻ പ്രസിഡന്റ് ഡിമിത്രി മെദ്‌വെദേവ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പുടിനെ വിദേശത്ത് വെച്ച് അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കിൽ, ആ രാജ്യം റഷ്യയുടെ ശക്തയെന്താണെന്ന് അറിയും എന്നാണ് മെദ്‌വെദേവ് പറഞ്ഞത്.
അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന കാര്യം വ്യക്തമാണ്. എന്നാൽ അത്തരമൊരു സന്ദർഭം നേരിടേണ്ടി വന്നാൽ ആ രാജ്യത്തേക്ക് റഷ്യൻ ആയുധങ്ങൾ പറന്നടുക്കും. ഐസിസിയുടെ തീരുമാനം പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന് റഷ്യയുടെ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ കൂടിയായ മെദ്വദേവ് പറഞ്ഞു.
ഐസിസി പ്രോസിക്യൂട്ടർ കരീം ഖാനും മറ്റ് നിരവധി ജഡ്ജിമാർക്കുമെതിരെ റഷ്യ ക്രിമിനൽ അന്വേഷണം ആരംഭിച്ചിരുന്നു. റഷ്യൻ പ്രസിഡന്റിനെതിരെ സ്വീകരിച്ച നടപടി നിയമവിരുദ്ധമാണെന്നാണ് രാജ്യത്തിന്റെ അഭിപ്രായം. അതേസമയം കുട്ടികളുടെ അവകാശങ്ങൾക്കായുള്ള റഷ്യയുടെ പ്രസിഡൻഷ്യൽ കമ്മീഷണർ മരിയ എൽവോവ-ബെലോവയ്ക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Discussion about this post