കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ മൊഴി മാറ്റാൻ പ്രേരിപ്പിച്ച താത്കാലിക ജീവനക്കാരി ദീപക്കെതിരെ ഇന്ന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തേക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേർക്കെതിരെ കഴിഞ്ഞ ദിവസം തന്നെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, മൊഴി മാറ്റാൻ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതികെ കേസെടുത്തത്. വാർഡിലെത്തിയ ആശുപത്രി ജീവനക്കാരിൽ ചിലർ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഔദ്യോഗിക വേഷത്തിൽ തന്നെയാണ് ഇവർ യുവതിയുടെ അടുത്തെത്തിയതും.
ഭീഷണിപ്പെടുത്തിയ ജീവനക്കാർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറമടക്കം പരാതിയിൽ വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴി മാറ്റിയാൽ നഷ്ടപരിഹാരം നൽകാമെന്നാണ് ഇവർ വാഗ്ദാനം ചെയ്തത്. സൂപ്രണ്ടിനാണ് യുവതി ഇത് സംബന്ധിച്ചുള്ള പരാതി നൽകിയത്. തുടർന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരുടെ പേരും തസ്തികയും വ്യക്തമാക്കി സൂപ്രണ്ട് സർക്കുലർ ഇറക്കി. പിന്നാലെയാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം കേസിൽ അറസ്റ്റിലായ പ്രതി വടകര സ്വദേശി കെ.ശശീന്ദ്രനെ റിമാൻഡ് ചെയ്തു .












