ന്യൂഡൽഹി: മോദി സമുദായത്തെ ഒന്നാകെ അധിക്ഷേപിച്ച പരാമർശത്തിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ രാഹുൽ ഗാന്ധി ഇന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായിരിക്കുകയാണ്. കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ രാഹുൽ അയോഗ്യനാക്കപ്പെട്ടേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.
വയനാട് എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ രാഹുൽ പണ്ട് എടുത്തുചാടി ചെയ്ത ഒരു പ്രവർത്തി ഇപ്പോൾ ചർച്ചയാവുകയാണ്യ വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2013 സെപ്തംബർ 27 ന് യുപിഎ സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് കീറിയെറിഞ്ഞ് സർക്കാരിനെ ആകെ പ്രതിരോധത്തിലാക്കിയ രാഹുലിന്, അന്ന് ആ ഓർഡിനൻസ് നിയമമായിരുന്നുവെങ്കിൽ രക്ഷയായേനെ എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാക്കപ്പെടുന്നതിന് വഴിയൊരുക്കുന്ന 2013ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസാണ് രാഹുൽ ഗാന്ധി അന്ന് സിനിമാ സ്‌റ്റെലിൽ കീറിയെറിഞ്ഞത്.
ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് അപ്പീൽ നൽകാൻ മൂന്നുമാസത്തെ സാവകാശം നിലവിലുണ്ടായിരുന്നു. എന്നാൽ, 2013 ജൂലൈയിൽ ലില്ലിതോമസ്-യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി ഈ വ്യവസ്ഥ റദ്ദാക്കി. തുടർന്ന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാക്കപ്പെടുമെന്ന സാഹചര്യമുണ്ടായി.
ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കസിൽ വിധി വരുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ബിൽ പാർലമെന്റിൽ കൊണ്ടുവരാൻ നീക്കം നടന്നത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ പരസ്യ നിലപാടിനെ തുടർന്ന് യു.പി.എ. സർക്കാർ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് സുപ്രീംകോടതി ഉത്തരവ് പ്രകാരം കോൺഗ്രസ് എംപിയായിരുന്ന റഷീദ് മസൂദ്, ആർജെഡി നേതാവ് ലാലുപ്രസാദ്യാദവ്, ജെഡിയു നേതാവ് ജഗദീഷ് ശർമ തുടങ്ങിയവർക്കും എംപി സ്ഥാനം നഷ്ടപ്പെട്ടു. 2014ൽ ഡിഎംകെ എംപി ടി എം ശെൽവഗണപതി, 2018ൽ ഝാർഖണ്ഡ് എംഎൽഎ അനോഷ് എക്കാ, 2022ൽ സമാജ്വാദ്പാർട്ടി എംഎൽഎ അസംഖാൻ തുടങ്ങിയവരും അയോഗ്യരാക്കപ്പെട്ടു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും അയോഗ്യനാക്കപ്പെട്ടു. ഫൈസലിന്റെ അപ്പീൽ നിലനിൽക്കെത്തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പിനും തീരുമാനിച്ചു.
രാഹുൽ കീറിയെറിഞ്ഞ ഓർഡിനൻസ് നിയമമായിരുന്നുവെങ്കിൽ തത്കാലത്തേക്കെങ്കിലും അയോഗ്യതാ ഭീഷണി അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു.
Discussion about this post