ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിൽ. സംസ്ഥാനത്ത് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ചിക്കബെല്ലാപ്പൂർ, ബംഗളൂരു, ദാവൻഗരെ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 10.45ന് ചിക്കബെല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സേവനം നൽകുന്നതിനും, വിദ്യാർത്ഥികൾക്ക് പഠന സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് ആരംഭിക്കുന്നത്. മുദ്ദേനഹള്ളിയിലെ സത്യസായി ഗ്രാമത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 2023 അധ്യയന വർഷം മുതൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും. ശ്രീ സത്യസായി യൂണിവേഴ്‌സിറ്റി ഫോർ ഹ്യൂമൻ എക്‌സലൻസാണ് ഇത് സ്ഥാപിച്ചത്.
ഉച്ചയ്ക്ക് ഒരു മണിക്ക് ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള മെട്രോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 13.71 കിലോമീറ്റർ ദൂരമാണ് ഇരു സ്‌റ്റേഷനുകളും തമ്മിലുള്ളത്. ഉദ്ഘാടനത്തിന് ശേഷം മെട്രോയിൽ അദ്ദേഹം യാത്ര ചെയ്യും. 4250 കോടി രൂപ ചെലവിലാണ് മെട്രോ ലൈനിന്റെ നിർമ്മാണം. കടുത്ത ട്രാഫിക് അനുഭവപ്പെടുന്ന ബംഗളൂരു നഗരത്തിലെ യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. ശേഷം തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ദാവൻഗരെയിലേക്ക് അദ്ദേഹം എത്തും. ഇവിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
Discussion about this post