മീററ്റ്: അമ്മയും കാമുകനും കൂട്ടാളികളും ചേർന്ന് രണ്ട് കുട്ടികളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 10 വയസ്സുള്ള ആൺകുട്ടിയും ആറ് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. നിഷ എന്ന യുവതിയാണ് കാമുകനായ സൗദ് ഫൈസിയോടൊപ്പം ചേർന്ന് മക്കളെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം കുട്ടികളുടെ മൃതദേഹങ്ങൾ പെട്ടിയിലാക്കി ഇവർ കനാലിലേക്ക് എറിയുകയായിരുന്നു.
മുനിസിപ്പൽ കൗൺസിലർ കൂടിയായ സൗദ് ഫൈസി ആദ്യ ഭാര്യയെ ഉപേക്ഷിച്ചാണ് നിഷയുമായി ബന്ധം സ്ഥാപിക്കുന്നത്. മക്കളെ കാണാനില്ലെന്ന് കാട്ടി കുട്ടികളുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ആൺകുട്ടി നിഷയുടെ വീട്ടിൽ വച്ചും പെൺകുട്ടി ഫൈസിയുടെ സഹായികളിലൊരാളുടെ വീട്ടിൽ വച്ചുമാണ് കൊല്ലപ്പെട്ടതെന്ന് സിറ്റി എസ്പി പിയൂഷ് സിംഗ് വ്യക്തമാക്കി.
ഭർത്താവിനെ ഉപേക്ഷിച്ച് ഫൈസിയോടൊപ്പം താമസിക്കാനായിരുന്നു നിഷയുടെ ശ്രമം. എന്നാൽ കുട്ടികളെ സ്വീകരിക്കില്ലെന്ന് ഫൈസി അറിയിച്ചതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകത്തിന് പദ്ധതിയിടുന്നത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നാല് പേർക്ക് കൂടി കേസിൽ പങ്കുണ്ടെന്ന് അറിയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post