ദേശീയ തലസ്ഥാനത്ത് കേന്ദ്രസർക്കാരിനെതിരായി പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണി വലിയ പോരാട്ടങ്ങൾക്ക് ഒരുങ്ങുമ്പോഴും ഉൾപാർട്ടി കലഹങ്ങൾ വലിയ തിരിച്ചടിയാണ് സഖ്യത്തിന് നൽകുന്നത്. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്ക് വലിയ ആഘാതമേൽപ്പിച്ചുകൊണ്ട് മൂന്ന് പ്രമുഖ വിമത എം.എൽ.എമാർ ഔദ്യോഗികമായി ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നു. ഗൗരിഗഞ്ചിൽ നിന്നുള്ള എം.എൽ.എ രാകേഷ് പ്രതാപ് സിംഗ്, ഗോസായിഗഞ്ചിൽ നിന്നുള്ള അഭയ് സിംഗ്, കൽപ്പിയിൽ നിന്നുള്ള വിനോദ് ചതുർവേദി എന്നിവരാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഉപേക്ഷിച്ച് ബി.ജെ.പിയുടെ ഭാഗമായത്.
അമേഠിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരിയും മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ചേർന്ന് നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ഭരണത്തിൻ കീഴിൽ സംസ്ഥാനത്തുണ്ടാകുന്ന വികസന പ്രവർത്തനങ്ങളിലും പാർട്ടി നേതൃത്വത്തിലുമുള്ള വിശ്വാസമാണ് തങ്ങളെ ബി.ജെ.പിയിലേക്ക് ആകർഷിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും വിശ്വസ്തതയോടെ നിറവേറ്റുമെന്നും ജനക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇവർ ഉറപ്പുനൽകി.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഈ നേതാക്കളുടെ വരവ്. അയോധ്യ, അമേഠി, ബുന്ദേൽഖണ്ഡ് മേഖലകളിൽ വ്യക്തമായ സ്വാധീനമുള്ള ഈ പ്രമുഖ നേതാക്കളുടെ മാറ്റം സമാജ്വാദി പാർട്ടിയുടെ പ്രാദേശിക സംഘടനാ സംവിധാനത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിലേക്ക് എത്തുമെന്നാണ് ഭരണകക്ഷിയുടെ വിലയിരുത്തൽ.











