കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം പീഡനത്തിന് ഇരയായ യുവതിയെ പിന്തുണച്ച നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ നഴ്‌സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. സമൂഹമാദ്ധ്യമങ്ങളിലും അവഹേളിക്കാൻ ശ്രമം നടക്കുന്നുവെന്നും പരാതിയിൽ നഴ്‌സിംഗ് ഓഫീസർ ചൂണ്ടിക്കാട്ടി.
കേസിലെ പ്രതിയായ ശശീന്ദ്രന് എതിരെ നഴ്‌സിംഗ് ഓഫീസർ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ എൻജിഒ യൂണിയൻ ജില്ലാ നേതാവാണ് ഭീഷണി മുഴക്കിയത്. സസ്‌പെൻഡ് ചെയ്യുമെന്നും, സ്ഥലം മാറ്റുമെന്നുമെല്ലാമായിരുന്നു ഇയാളുടെ ഭീഷണി. സമ്മർദ്ദം ശക്തമായതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്. നഴ്‌സിംഗ് ഓഫീസറുടെ പരാതി സുപ്രണ്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കൈമാറിയിട്ടുണ്ട്. എന്നാൽ തങ്ങൾ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നുമാണ് എൻജിഒ യൂണിയന്റെ വാദം.
അതേസമയം പീഡനത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെൻഷനിലായ പ്രതികൾ ഒളിവിൽ തുടരുകയാണ്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റ ഭാഗമായി വെള്ളിയാഴ്ച രാത്രി അഞ്ച് പേരുടെയും വീട്ടിൽ പരിശോധന നടത്തിയിരുന്നു.












