ന്യൂഡൽഹി: പിന്നോക്ക് സമുദായത്തെ അധിക്ഷേപിച്ചതിനെ തുടർന്ന് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുൻ വയനാട് എംപിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോടതിയുമായി ബന്ധപ്പെട്ടുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾ വ്യത്യസ്ത തലത്തിലുള്ള പ്രതിരോധം നടത്തുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ചതിനെത്തുടർന്ന് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടന്നാൽ ഇടതുപക്ഷം മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
വയനാട്ടിൽ തിരഞ്ഞെടുപ്പിന് തയ്യാറുണ്ടോ എന്ന് ചോദിച്ചാൽ, ഏത് തിരഞ്ഞെടുപ്പിനും സിപിഎം തയ്യാറാണ്. മൃദുഹിന്ദുത്വ നിലപാടാണ് കേരളത്തിലെ കോൺഗ്രസ് എടുത്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഏത് സമയത്തും താൻ ബി.ജെ.പിയിലേക്ക് പോകും എന്ന് പറയുന്ന കെ.പി.സി.സി. പ്രസിഡന്റ് ഉള്ള സംസ്ഥാനത്ത് താൻ വേറെയെന്ത് പറയാനാണ്. അതിനൊപ്പം നിൽക്കുന്ന പ്രതിപക്ഷ നേതാവാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












