സെഞ്ചൂറിയൻ: സിക്സറുകൾക്കൊപ്പം ഒരുപിടി റെക്കോർഡുകൾ കൂടി ഗാലറിയിലേക്ക് പറന്നിറങ്ങയിപ്പോൾ പിറന്നത് അന്താരാഷ്ട്ര ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ്. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് അടിച്ചു കൂട്ടിയ വെസ്റ്റ് ഇൻഡീസിനെതിരെ, ആതിഥേയരായ ദക്ഷിണാഫ്രിക്ക 6 വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. 18.5 ഓവറിലാണ് അവർ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം മറികടന്നത്.
ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ സെഞ്ച്വറി കരുത്തിലാണ് ദക്ഷിണാഫ്രിക്ക ചരിത്ര വിജയം കുറിച്ചത്. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസ് എന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോർ. പവർ പ്ലേയിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ഇതോടെ ദക്ഷിണാഫ്രിക്കയുടെ പേരിലായി. 2021ൽ ശ്രീലങ്കയ്ക്കെതിരെ വെസ്റ്റ് ഇൻഡീസ് നേടിയ 98/4 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
ഡി കോക്ക് 44 പന്തിൽ 100 റൺസ് നേടിയപ്പോൾ, റീസാ ഹെൻഡ്രിക്സ് 28 പന്തിൽ 68 റൺസ് നേടി. 21 പന്തിൽ 38 റൺസുമായി ക്യാപ്ടൻ എയ്ഡൻ മാർക്രാമും 7 പന്തിൽ 14 റൺസുമായി ക്ലാസനും പുറത്താകാതെ നിന്നപ്പോൾ, ദക്ഷിണാഫ്രിക്ക റെക്കോർഡ് ജയം ഏറെക്കുറെ ലളിതമായി പിടിച്ചെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് നേടിയ 258 റൺസ് ട്വന്റി 20യിൽ വെസ്റ്റ് ഇൻഡീസിന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. 46 പന്തിൽ 118 റൺസ് നേടിയ ജോൺസൺ ചാൾസ് ആണ് കരീബിയൻ പടയ്ക്ക് കരുത്തുറ്റ ടീം ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. 39 പന്തിൽ മൂന്നക്കം തികച്ച ചാൾസ്, വിൻഡീസ് താരത്തിന്റെ അതിവേഗ സെഞ്ച്വറി എന്ന നേട്ടം സ്വന്തം പേരിൽ കുറിച്ചു. 27 പന്തിൽ 51 റൺസ് നേടിയ കെയ്ൽ മെയേഴ്സും വിൻഡീസ് നിരയിൽ തിളങ്ങി. 18 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്ന റൊമാരിയോ ഷെഫേർഡ്, 19 പന്തിൽ 28 റൺസെടുത്ത റോവ്മാൻ പവൽ, 5 പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്ന ഓഡിയാൻ സ്മിത്ത് എന്നിവരും വിൻഡീസ് ടോട്ടലിലേക്ക് വിലപ്പെട്ട സംഭാവനകൾ നൽകി.
Discussion about this post