ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം അറിയിച്ച് ചെങ്കോട്ടയ്ക്ക് മുന്നിൽ അനുമതിയില്ലാതെ സമരത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിനെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു.
മദ്ധ്യപ്രദേശിൽ നിന്നെത്തിയ പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. രാത്രി 7 മണിക്കാണ് ചെങ്കോട്ടയിൽ ദീപം കൊളുത്തി മാർച്ച് നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ചെങ്കോട്ടയിൽ നിന്ന് ടൗൺ ഹാൾ വരെ ലോക്തന്ത്ര ബചാവോ മാഷാൽ ശാന്തി മാർച്ച് നടത്താനായിരുന്നു നീക്കം. എന്നാൽ ഡൽഹി പോലീസ് ഇതിന് അനുമതി നൽകിയിരുന്നില്ല. വൈകുന്നേരം ആരംഭിക്കുന്ന പ്രതിഷേധം ഒരുമാസക്കാലം നീണ്ടുനിൽക്കുമെന്ന സൂചനകളും ലഭിച്ചിരുന്നു.
പാർട്ടി അദ്ധ്യക്ഷനും പ്രവർത്തകസമിതി അംഗങ്ങളും ഉൾപ്പെടെ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി നടത്താനായിരുന്നു നീക്കം. ഏപ്രിൽ എട്ടുവരെ ജയ് ഭാരത് സത്യഗ്രഹസമരം നടത്തുമെന്നും അറിയിച്ചിരുന്നു.








