പട്‌ന : ശവപ്പെട്ടിയിൽ മദ്യം ഒളിപ്പിച്ച് കടത്തിയ ആംബുലൻസ് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നു ബിഹാറിലെ മുസാഫർപുരിലേക്കുള്ള യാത്രക്കിടെ ഗയയിൽ വച്ചാണ് മദ്യക്കടത്തുകാർ കുടുങ്ങിയത്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 212 കുപ്പി മദ്യം പിടിച്ചെടുത്തു.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസ് പരിശോധിച്ചത്. ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ മദ്യക്കുപ്പികൾ മൂടി വച്ചിരുന്നു. സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശികളായ ഡ്രൈവർ ലളിത് കുമാർ സഹായി പങ്കജ് യാദവ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
മദ്യ നിരോധനം നിലവിലുള്ള ബീഹാറിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി മദ്യമൊഴുകുന്നുണ്ട്. നേപ്പാൾ അതിർത്തി വഴിയും വൻതോതിൽ മദ്യം ബീഹാറിലെത്തുന്നുണ്ട്. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ഊർജിതമാണെങ്കിലും ബീഹാറിൽ എപ്പോഴും മദ്യം സുലഭമാണ്.
Discussion about this post